കണ്ണടക്കുമ്പോള്‍ കിനിഞ്ഞിറങ്ങുന്ന ഓര്‍മകളില്‍ ഒരു പാട് മുഖങ്ങളുണ്ട്. എങ്കിലും വാത്സല്യത്തിന്റെ പിതൃസ്നേഹത്തിന്റെ നനവുമായി മിഴികളില്‍ എത്തുന്നത് മുല്ലനേഴി മാഷാണ്. എന്റെ പേരില്‍ തുടങ്ങി സാഹിത്യ അക്കാദമിയുടെ തണല്‍ മരങ്ങളുടെ തണുപ്പില്‍ വരെ എത്തുന്നു ആ ഓര്‍മ്മകള്‍ .അച്ഛന് കോട്ടക്കല്‍ SBTയില്‍ ജോലിയായിരുന്ന സമയത്താണ് ഞാന്‍ ജനിക്കുന്നത്. AL-AMEEN QUARTERS 4- NUMBER മുറിയില്‍ സര്‍വ സ്വാതന്ത്ര്യത്തോടും കൂടി നിര്‍ഭയമായി നിഷ്കളങ്കമായി ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്നു . ബാല്യം കണ്ടു വളര്‍ന്ന 11മുറികള്‍., ആദ്യത്തെ സ്കൂള്‍ ...അവസാന മുറി ചെട്ടിയാരുടെ കടയുടെ മുകളില്‍ ആയിരുന്നു,അവിടെ നാട്ടിലെ എല്ലാ മരങ്ങളും വെട്ടി വിറകാക്കാന്‍ വന്ന ഒരു തമിഴനായിരുന്നു.അയാളെ ഞങ്ങള്‍ അണ്ണന്‍ എന്ന് വിളിച്ചു,കുട്ടികളെ കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുമായിരുന്നു..അത് എന്തിനാണെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു..1മത്തെ റൂമില്‍ വിരാട് പുരുഷന്റെ പിന്‍ഗാമികളായിരുന്നു.എം ആര്‍ ബി ,മുല്ലനേഴി,പരമേശ്വരന്‍ നമ്പൂതിരി..അങ്ങിനെ അങ്ങിനെ .ഇവരെല്ലാം ഞങ്ങള്‍ ചേച്ചിയച്ചന്‍ എന്ന് വിളിക്കുന്ന പരമേശ്വരന്‍ നമ്പൂതിരിയുടെ സുഹൃത്തുക്കളായിരുന്നു ..കൈക്കുഞ്ഞായിരുന്നപ്പോള്‍ ചേച്ചിയമ്മയായിരുന്നു എന്റെ അമ്മ...സദസ്സിലെ ഇത്രയും വിപ്ലവകാരികളുടെ കൈകളിലൂടെ ഉറങ്ങിയും ഉണര്‍ന്നും ഞാന്‍ പോയിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഹൃദയം വല്ലാതെ മിടിച്ചു.
ചന്ദ്രനേയും നക്ഷത്രങ്ങളെയും നിലാവിനെയും ഒരു പാട് സ്നേഹമായിരുന്നു മുല്ലനേഴി മാഷിന്.കവിതകളും, സിനിമ ഗാനങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാക്കാം .അങ്ങിനെ ഒരിക്കല്‍ മടിയിലിരുത്തിയാണ് എനിക്ക് പേരിട്ടത് ...
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..പി ജി ക്കു പഠിക്കുന്ന സമയത്ത് തൃശൂര്‍ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരു കഥ കവിത ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി .രണ്ടു ദിവസം അവിടെ താമസിക്കണം. വൈശാഖന്‍ മാഷ്, രാവുണ്ണി മാഷ്,നന്ദ കിഷോര്‍ ,കെ ഗിരീഷ്കുമാര്‍ എന്നിവരുടെ കൂടെ മുല്ലനേഴി മാഷും.രണ്ടു ദിവസവും രാത്രികളില്‍ നാടകം ഉണ്ടായിരുന്നു.നിലവിളക്കിന്റെ വെട്ടത്തില്‍. തിളങ്ങുന്ന വേദി. രാത്രിയിലെ കഞ്ഞിയും ചമ്മന്തിയും അത്താഴം കഴിച്ചു, ഒരു വള്ളിക്കുടില് പോലെ സജ്ജമാക്കിയ നാടക സദസ്സില്‍ ഞങ്ങള്‍ 23 പേര്‍..... .... ..
പലപ്പോഴും മുല്ലനേഴി മാഷെ കാണുമ്പോള്‍ എനിക്ക് പറയാന്‍ തോന്നും അങ്ങാണ് പണ്ട് മടിയിലിരുത്തി എനിക്ക് പേരിട്ടത് എന്ന്..പക്ഷെ പറഞ്ഞില്ല .പിന്നീടു പലപ്പോഴും സാഹിത്യ അക്കാദമിയില്‍ വച്ച് കാണും സംസാരിക്കും, എന്നിട്ടും പറയാന്‍ തോന്നിയില്ല..അവസാനമായി കാണുമ്പോള്‍ തണല്‍ മരങ്ങളുടെ നിഴലില്‍ ആകാശം നോക്കി കിടക്കുകയായിരുന്നു ..യാത്ര പറഞ്ഞു പോരുമ്പോള്‍ തലയില്‍ കൈവച്ചു തലോടി പഴയ ഒരു വാത്സല്യം പോലെ...ആകാശം നോക്കുമ്പോള്‍ ഇപ്പോള്‍ നിറയെ ചിരിക്കുന്ന നക്ഷത്രങ്ങളാണ് മാഷെപ്പോലെ...
No comments:
Post a Comment