മനനം ചെയ്യാന്‍ കഴിവുള്ളവന്‍ മനുഷ്യനാണ് എന്ന് പറയുന്നു ...ചിലപ്പോള്‍ പലതരം വികാരങ്ങളുടെ മനനം നമ്മിലൂടെ കടന്നു പോവുമ്പോള്‍, അത് ഒരു തുടര്‍ച്ചയാവുമ്പോള്‍ അതിനെ ജീവിതം എന്ന് വിളിക്കാനാവുംഎന്ന് തോന്നുന്നു ..ഒറ്റയായ പല നിറങ്ങളും, അവ ചേരുമ്പോള്‍ പിറക്കുന്ന കടും നിറങ്ങളും പോലെ വിവിധ വികാരങ്ങൾ ഒരു നൂലിലൂടെ ആടിയുലഞ്ഞ് ചിലപ്പോള്‍ അതിനെല്ലാം അപ്പുറത്തേക്ക് മറന്നിട്ട ചില വര്‍ണങ്ങള്‍, ഗന്ധങ്ങള്‍ നമ്മെ പലതും പഠിപ്പിക്കുന്നു..സ്വഭാവത്തെ, വ്യക്തിയെ. ജീവിതത്തെ നിര്‍ണയിക്കുന്നു.
മഴയിൽ നിറഞ്ഞു തുളുമ്പി ഒഴുകുന്ന കുളങ്ങളും പാടത്തെ ചെളിയുടെയും നെൽ പൂക്കളുടെയും കൊയ്ത്തു പണിക്കാരുടെ വിയർപ്പിന്റെ മണവുമാണ് ബാല്യത്തിലെ കാഴ്ചകളും വര്‍ണങ്ങളും .ഇന്നും, പേരറിയാത്ത ഒരു വാരസോപ്പിട്ടു അലക്കിയ മുത്തശ്ശിയുടെ മുണ്ടിന്റെ മണമാണ് സന്ധ്യകളിലെ നാമജപങ്ങള്‍ക്ക്.മണ്ണെണ്ണ വിളക്കിന്റെ പ്രകാശവും നെല്ലുകുത്തരി കഞ്ഞിയുടെയും വെണ്ണയുടെയും മണമുള്ള രാത്രികളും..പഴയ കഥകള്‍ കേട്ട് മുത്തശ്ശിയുടെ മടിയില്‍ കിടക്കുമ്പോള്‍ തളിര്‍ വെറ്റിലയും അടയ്ക്കയും ചേര്‍ത്തു മുറുക്കിയ ആലസ്യത്തില്‍ കണ്ണുകള്‍ താനെ അടഞ്ഞു പോവും..കൈതയോല പായയില്‍ കിടന്നു നോക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും കൈകള്‍ വീശി ഉറങ്ങാന്‍ പറഞ്ഞിരുന്നു...
ആ ദേശത്തെ കാള വേലയ്ക്കു കെട്ടാന്‍ വേണ്ട കാളത്തലകള്‍ മുത്തശ്ശിയുടെ വീടിന്റെ മച്ചിലായിരുന്നു..ചിലപ്പോള്‍ കഥകള്‍ കേട്ട് മുറുക്കിയതിന്റെ ആലസ്യത്തില്‍ കാളത്തലകളിലെ തിളങ്ങുന്ന കണ്ണുകളും കൊമ്പുകളും കണ്ടു മുത്തശ്ശിയുടെ മണം കേട്ട് ഉറങ്ങിയിരുന്ന രാത്രികള്‍ ...മുത്തശ്ശി ഒരിക്കലും ദേഷ്യപ്പെട്ട്, ശബ്ദമുയര്‍ത്തി സംസാരിക്കുന്നതോ ആരെയും വെറുക്കുന്നതായോ കുറ്റപ്പെടുത്തുന്നതായോ കണ്ടിട്ടില്ല..എന്നും വെള്ള നിറമണിഞ്ഞു പുഞ്ചിരിക്കുന്ന ഒരു മാലാഖ...ആദ്യമായി ആ വഴികളിലൂടെയാണ് നടന്നു തുടങ്ങിയത്..ഓര്‍മകളില്‍ ഉറച്ചു പോയ ചില പുണ്യങ്ങളെ എത്രയായാലും വഴികളില്‍ അനാഥമാക്കാന്‍ മനസ്സ് വരില്ല ...മരണശേഷം പഴയ വസ്ത്രങ്ങള്‍ പോലും എല്ലാവരും എടുത്തു കളഞ്ഞു, ഓര്‍മകളില്‍ മാത്രം നിലനിര്‍ത്താന്‍... ... വേണ്ടി ...
ആരും അറിയാതെ എടുത്തു വച്ച, പഴയ വാരസോപ്പിന്റെ മണമുള്ള വസ്ത്രം നദികളും മലനിരകളും കടന്നു ഇവിടെയെത്തി ഒരു നിധിയായി വഴി കാണിക്കുന്നു..ഇപ്പോള്‍ പോലും ആ മണം ഓര്‍മകളില്‍ ചേര്‍ത്താണ് രാത്രികള്‍ വരുന്നത്... ഉറക്കത്തെ വരവേല്‍ക്കുന്നത്..
No comments:
Post a Comment