Monday, August 24, 2015

 
                                              മലെഖുവിലെ മത്സ്യങ്ങള്‍


              Kathmandu വിലേക്കുള്ള 6 മണിക്കൂര്‍ നീണ്ട യാത്രയില്‍ ഞങ്ങളുടെ പ്രിയ സുഹൃത്തായ നമ്രതയാണ് മലെഖുവിലെ മത്സ്യങ്ങളെ പറ്റി പറഞ്ഞത്. Kathmanduവിനും  Pokhara യ്ക്കും ഇടയിലെ  ഒരു ചെറിയ പട്ടണമാണ് മലെഖു.. പോതുവേ നേപ്പാളില്‍ മീന്‍ വിഭവങ്ങള്‍ രുചി കുറവാണ്, എല്ലാം തടാക മത്സ്യങ്ങള്‍ ആയതുകൊണ്ടാവാം അങ്ങിനെ..എങ്കിലും നമ്രത പറഞ്ഞപ്പോള്‍ ഒരു കൊതി തോന്നി , കാരണം ഇവിടെ മീന്‍കറിയും അവിലും ആണ് കോമ്പിനേഷന്‍...വഴിയരികുകളില്‍ നിറയെ ചെറിയ കടകള്‍ , എല്ലായിടത്തും മീന്‍ വറുത്തും കറി വച്ചും സ്ത്രീകള്‍ വില്‍പനക്കിരിക്കുന്നു..ഒരു കടയില്‍ കേറി ഓര്‍ഡര്‍ ചെയ്തു..ആവി പറക്കുന്ന മീന്‍ കറിയും നല്ല ചൂടുള്ള അവിലും..നമ്മള്‍ മീന്‍കറി ചോറില്‍ ഒഴിച്ച് കഴിക്കും, പക്ഷെ ഇവിടെ അവില്‍ കറിയിലേക്കാണ് പകരേണ്ടത്..സംശയങ്ങള്‍ ബാക്കിവച്ചത് വെറുതെയായി ...അത്രയും രുചികരമായ കോമ്പിനേഷന്‍..വീണ്ടും ഒരു പ്ലേറ്റ് കൂടി ഓര്‍ഡര്‍ ചെയ്തു....വലിയ മണ്‍ അടുപ്പുകളില്‍ എപ്പോഴും തിളച്ചുമറിയുന്ന എണ്ണ, ആവശ്യമെങ്കില്‍ വലിയ കൊട്ടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ഉണക്കിയ മീനുകള്‍ അപ്പോള്‍ തന്നെ നമുക്ക് വറുത്തു തരും..ഉപ്പ്‌ അല്പം പോലും ചേര്‍ക്കാതെ ഉണക്കിയ മത്സ്യങ്ങള്‍ ...അതും കൂടി പാര്‍സല്‍ വാങ്ങിയാണ് യാത്ര തുടര്‍ന്നത്..




Wednesday, August 12, 2015



                 നിഴലുകളെ പിന്തുടര്‍ന്ന് അവശയായിരിക്കുന്നു
                എന്നിലേക്കെത്തുന്ന വെളിച്ചം മറഞ്ഞ്
                വെറും കറുപ്പു പടര്‍ന്ന തണലും  തണുപ്പും
                തത്വങ്ങളുടെ , ബന്ധങ്ങളുടെ, യാത്രകളുടെ
               എല്ലാ നിഴലുകളും  കൊഴിഞ്ഞു വീണ്
               സൂര്യസ്പര്‍ശമേല്‍ക്കാതെ വാത്മീകമായി

ഒടുവില്‍ ഒരു നാള്‍ നിഴലുകള്‍ക്കും  തുളകള്‍ വീണു
വാത്മീകത്തിനും....

            ഇപ്പോള്‍ വെള്ള തൂവലുകളുള്ള
           ആകാശമുയരുന്ന ഒരു പക്ഷിയായി
           നീലിമയില്‍ എങ്ങോ സൂര്യനെ തൊട്ടുവെന്ന പോലെ..........

Wednesday, December 3, 2014



                                        അലമാരയില്‍ എന്തോ തിരയുന്നതിനിടയില്‍ കൈ തട്ടി വീണ ഒരു ബോക്സില്‍ കണ്ട പഴയ ഒരു മാലയും  കമ്മലും..കൊഹിനൂരിലെ കോണ്‍വെന്റില്‍ താമസിക്കുന്ന കാലം റൂമില്‍ പുതുതായി വന്ന ഗിരിജ ചേച്ചി സമ്മാനിച്ചതാണെന്ന് ഓര്‍ത്തെടുത്തു. വളരെ നന്നായി സംസാരിക്കുന്ന ചേച്ചി ഒരിക്കല്‍ ഒരു അവധി ദിനത്തിന്‍റെ സായാഹ്നത്തില്‍ വീടിനെ കുറിച്ച് വാചാലയായി.ഭര്‍ത്താവും കുട്ടികളും കൊച്ചുമക്കളും ആയി സന്തോഷത്തിന്‍റെ സമയം. അതിനിടയില്‍ കാന്‍സര്‍ എന്ന മരണ വഴി വില്ലനായെത്തി. ജീവിതം പൊരുതി നേടിയെടുത്തു എന്ന് പറഞ്ഞപ്പോള്‍ ആത്മാഭിമാനത്തിന്‍റെ തിളക്കം ആ കണ്ണുകളില്‍ കണ്ടു. കീമോതെറാപ്പി വികൃതമായൊരു ചികിത്സയാണ് എല്ലാം കൊണ്ടും. അവിടെ ഒറ്റപ്പെട്ടു പോയ സ്ത്രീത്വം. വീടിനകത്തെ അനാഥത്വം വല്ലാത്തൊരു വേദനയാണ്.  കോളേജിനെ കുറിച്ച് മക്കളില്‍ നിന്ന് മാത്രം കേട്ടിരുന്ന ചേച്ചി യാത്രകളിലൂടെ ഹിമാലയത്തിന്‍റെ നെറുകയില്‍ വരെയെത്തി. യാത്രകള്‍ മനുഷ്യനെ മാറ്റിയെടുക്കും, മാറ്റം അതൊരു മാനസിക പക്വതയായാല്‍ വളരെ നന്ന്..ജീവിതം എങ്ങിനെ സൗന്ദര്യമുള്ളതാക്കാം എന്ന് ചിന്തിക്കുന്നതിനു  പകരം സൗന്ദര്യം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുകയും മനസാക്ഷിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ മാനസിക വളര്‍ച്ച മുരടിച്ചു പോവുന്ന അല്പം ചിലര്‍.ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിയാത്ത തത്വങ്ങളില്‍ വിശ്വസിച്ചു ജീവിക്കുന്നവരില്‍ എവിടെയാണ് സൗന്ദര്യം

Tuesday, December 24, 2013

ഒരു തെരുവോരം .....



ഒരു വര്‍ഷം മുന്‍പ് നടന്ന , രാജ്യമാകെ ഇളക്കി മറിച്ച ഒരു കേസിന്‍റെ അലയൊലികള്‍ ..മൃത പ്രായയായി,  മരണമെങ്കിലും ശാന്തി നല്‍കട്ടെ എന്ന് കേഴുന്ന ആ പെണ്‍കുട്ടിയെ അവര്‍ ഉപേക്ഷിച്ചത്  മഹിപാല്‍പൂരിലെ കുപ്രസിദ്ധമായ ആ ഫ്ലൈ ഓവറിനു താഴെ ആയിരുന്നു . അതിലൂടെ എയര്‍ പോര്‍ട്ട്‌ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്ത്‌ ആകുലതകളാല്‍ നെടുവീര്‍പ്പിട്ടു. ആര്‍ക്കും ചെയ്യാവുന്ന കാര്യം , അതല്ലാതെ എന്ത് ചെയ്യാന്‍? വിധി വന്നു  ശിക്ഷകളും  തീര്‍ന്നു. ബാക്കിയാവുന്നത് എന്ത് എന്ന ഒരു ചോദ്യത്തിനു ഉത്തരം കിട്ടിയത് ഇതാണ്..   ദക്ഷിണ ഡല്‍ഹിയുടെ ഉള്ളറകളില്‍ എവിടെയോ എരിഞ്ഞു തീരുന്ന ചില ജീവിതങ്ങള്‍ ...നമ്മളില്‍ ആരും മറിച്ചു നോക്കാന്‍ പോലും ഇഷ്ടപ്പെടാതെ ചിതലരിച്ചു പോവുന്ന പുസ്തകങ്ങളെ പോലെ...ആര്‍ കെ പുരം രവി ദാസ്‌ ക്യാമ്പ്‌ കോളനിയില്‍ സംശയത്തിന്‍റെ  മുള്‍മുനകളില്‍ നിര്‍ത്തുന്ന കണ്‍ ചോദ്യങ്ങള്‍ക്കു  മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ഒരു കൂട്ടം പാവം ജനങ്ങള്‍..കുറ്റവാളികള്‍ ആവുന്നതിനു മുന്‍പ് അവരെല്ലാം ഇവരിലെ പലരുമായിരുന്നു..ഇന്ത്യയിലെ സാധാരണ ജനങ്ങള്‍.

ആവശ്യം ഉള്ള ഇടങ്ങളില്‍ സദാചാര ബോധം ഉപയോഗിക്കാന്‍ മറന്നു പോവുന്ന അഭ്യസ്തവിദ്യരായ പൗരന്‍മാര്‍ എന്തിനാണ് ഇവരെ അകറ്റി നിര്‍ത്തുന്നതെന്ന സംശയം ബാക്കിയാവുന്നു ...ജനിച്ചു വീഴുന്നതും വളര്‍ന്നു  കൊണ്ടിരിക്കുന്നതുമായ കുഞ്ഞുങ്ങളെ...ജോലി തേടി പോവുന്ന യുവ തലമുറകളെ ഇത്തരത്തില്‍ "കള്ളന്‍റെ മകന്‍" എന്ന പോലെ ചാപ്പ കുത്തി മുന്‍വിധികളോടെ  പൊതുജനം സ്വീകരിക്കുന്നത് എന്തിനാണ് ? വരണ്ടുണങ്ങിയ ആ തെരുവോരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എല്ലാ കണ്ണുകളിലും അനിശ്ചിതമായ ഭാവിയുടെ നീര്‍കണങ്ങള്‍ പെയ്യാനൊരുങ്ങി ഇരുണ്ട നിറം പൂണ്ടിരുന്നു ..കപടമായ സദാചാര ബോധം  ഇരുട്ടിലാക്കിയ ഒരു ജനതയുടെ വിഹ്വലതകള്‍ അസ്വസ്ഥമാക്കുന്നു വഴികളെ ..

വീണ്ടും ഒരു ക്രിസ്തുമസ്.........




എന്നും ഒരു പാട് ഓര്‍മ്മകള്‍ തരുന്ന ഡിസംബര്‍ ..ഡിഗ്രി പഠന കാലത്തെ കോണ്‍വെന്‍ടിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു . ഡിസംബര്‍ 1 നു തുടങ്ങി 24 തിയ്യതി രാത്രിയിലെ കുര്‍ബാന വരെ സന്തോഷത്തിന്‍റെ നല്ല നിമിഷങ്ങള്‍ മാത്രമായിരുന്നു...വൈകുന്നേരം 5.30 മുതല്‍ തുടങ്ങുന്ന സ്റ്റഡി ടൈം (സൈലെന്‍സ് ടൈം ). സിസ്റ്റര്‍മാരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം സ്റ്റഡി ടേബിളില്‍ വന്നിരിക്കുന്നത് ഒരു സാധാരണ കാര്യം മാത്രം . പക്ഷെ ഒന്നാം തിയ്യതി മുതല്‍ നല്ല കുട്ടികളായി എല്ലാവരും അവരവരുടെ ടേബിളില്‍ ഉണ്ടാവും . ലെറ്റര്‍ ബോക്സിലേക്കുള്ള എഴുത്ത് കുത്തുകളുടെ ബഹളം ..ക്രിസ്തുമസ് ഫ്രണ്ടിനോട് പറയാനുള്ള വാക്കുകളുടെ മേളം. റൂമിന് പുറത്തുള്ള വരന്തകളിലെ ടേബിളുകള്‍ സജീവം..രാത്രി ഭക്ഷണത്തിന് ബെല്ലടിക്കുമ്പോള്‍ ലെറ്റര്‍ ബോക്സിനടുത്തേക്ക്‌ ഒരു ഓട്ടമാണ് ..പിന്നെ ബഹളം, പൊട്ടിച്ചിരികള്‍, പരിഭവങ്ങള്‍. ഡിസംബര്‍ എട്ടിനു വാര്‍ഡന്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും ക്രിസ്തുമസിനുമായി പാട്ട്‌, ഡാന്‍സ് സ്കിറ്റ് എല്ലാം ഉണ്ടാവും. തണുത്ത രാത്രികളില്‍ ഓഡിറ്റൊറിയത്തിലെ പ്രാക്ടീസ്. ഇല പൊഴിഞ്ഞ മരങ്ങള്‍ ആത്മാക്കളെ പോലെ നിശബ്ധമായി നിലാവില്‍ കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ ഹോസ്റ്റലിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവര്‍ക്കും സമ്മാനങ്ങളും കേക്കും മേടിക്കാനുള്ള എന്‍റെയും ബ്ലെസ്സിയുടെയും ഓട്ടം ..ഹോസ്റ്റലില്‍ നിന്നും പുറത്തു ചാടാന്‍ ലീഡര്‍മാര്‍ക്കുള്ള ഒരു അവസരവും ഞങ്ങള്‍ പാഴാക്കിയിരുന്നില്ല. കാത്തിരുന്ന് വരുന്ന ക്രിസ്തുമസ് ദിനം ..സമ്മാനങ്ങളും സാന്താക്ലോസും ആട്ടിടയന്മാരും കന്യാമറിയവും ഉണ്ണി യേശുവുമായി തിരുപ്പിറവിയുടെ സന്തോഷത്തിന്‍റെ കരോള്‍ പാടി നടന്ന വഴികള്‍ ..മഞ്ഞു കണം പേറുന്ന ഒരു പുല്‍ക്കൊടി പോലും നിശബ്ദമാവുന്ന രാതികള്‍ ..മതിയാവോളം മധുരം കഴിച്ചു ഒടുവില്‍ കുര്‍ബാനയും കഴിഞ്ഞു തീരുമ്പോള്‍ ഓര്‍ത്തില്ല , പിന്നീടു ഈ നിമിഷങ്ങള്‍ക്ക് ഇത്ര ഭംഗി ഉണ്ടാവുമെന്ന് ...എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നും നല്ല മനുഷ്യനും സൗഹൃദങ്ങള്‍ക്കും സ്നേഹത്തിന്‍റെ ഒരേഒരു ഭാഷയാണ് ശക്തിയെന്നും പഠിപ്പിച്ച എന്‍റെ കോണ്‍വെന്റ് ക്രിസ്തുമസ് നിമിഷങ്ങള്‍ ...ഡിസംബറിനോട് പിന്നെയും പ്രണയം തോന്നുന്നു .....

Wednesday, September 4, 2013

മധുബനി..



കീമോതെറാപ്പി കഴിഞ്ഞു വിശ്രമിക്കുന്ന രക്ത കോശങ്ങളുടെ അവശതയില്‍ നിന്നും ഉയരുന്ന മോഹങ്ങള്‍ ... പ്രകൃതിയും അറിവും വിശ്വാസങ്ങളും വച്ച് അക്ഷരങ്ങള്‍ വരച്ചിടുന്ന ഒരു എപ്പിസ്റ്റെമോലോജിസ്റ്റ്... മധുബനി ചിത്രകലയുടെ ചായങ്ങള്‍ പോലെ പരന്നൊഴുകുന്ന സായാഹ്ന മേഘങ്ങള്‍.. ......ഇവ മൂന്നും ചേര്‍ത്തു വായിക്കുന്ന കഴിഞ്ഞ കുറെ മാസങ്ങള്‍...

രോഗവും,  ആശുപത്രി മുറിയും സൃഷ്ടിക്കുന്ന ഒരു നിശബ്ദത , അതില്‍ നിന്നും പിറന്ന അസ്വസ്ഥത ..ഓരോ തവണ വന്നു മടങ്ങുമ്പോഴും ജനലഴികളോടും അതിനപ്പുറത്തെ ഉണങ്ങി വീഴാറായ മരത്തോടും യാത്ര പറയും. യാത്രപറയലുകളുടെ തുടര്‍ച്ച ഒരു വിരസതയാണ് ..

ഒരിക്കല്‍ നിറം മങ്ങിയ കര്‍ട്ടനുകള്‍ക്കിടയിലൂടെയാണ് എപ്പിസ്റ്റെമോലോജിസ്ടിനെ കണ്ടത്..കോളോഫോനിലെ സേനൊഫിനെ പോലെ ,വരണ്ട ഭൂമിയും നനഞ്ഞ സമുദ്രവും  വാക്കുകളില്‍ വര്‍ണിക്കുന്ന, എന്‍റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ത്തിയ അപരിചിതന്‍ . മുടിയിഴകള്‍ കൊഴിഞ്ഞു പോയി ശൂന്യമായ തലയോടിനെ മറച്ചു, അയാള്‍ക്ക് നേരെ നടന്നപ്പോള്‍ സ്ത്രീ സഹജമായൊരു സൗന്ദര്യബോധം ശല്യം ചെയ്തു..

അപരിചിതന്‍,.... ...... നഷ്ട പ്രണയത്തിന്‍റെ ആഴി തിരകളില്‍ സോമരസം പകര്‍ത്തിയാടിയ വേഷം അഴിച്ചു വച്ച് വേദനകളില്‍ വിശ്രമിക്കുന്നു..പുച്ഛം തോന്നി ..ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു പുരുഷന് മാത്രമേ നഷ്ടപ്രണയത്തിന് വേണ്ടി ജീവിക്കാനും സ്വതന്ത്രനാവാനും സ്വയം നശിക്കാനും കഴിയൂ.
ഇപ്പോള്‍ വേദന തന്നു സ്വയം നശിക്കുന്ന കരളിനെ തലോടി അയാള്‍ പറഞ്ഞു, മനോഹരമായ ആകാശവും പൂക്കളും നക്ഷത്രങ്ങളും  ജീവിക്കാന്‍ കൊതിപ്പിക്കുന്നു ..വായിലൂടെ ഒഴുകി വന്ന രക്തം  തുടച്ചു കൊണ്ട് വീണ്ടും പറഞ്ഞു ..ഇതെന്‍റെ പാപമാണ്. നോഹയുടെ പെട്ടകത്തിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ കര്‍ത്താവ്‌ എന്‍റെ പാപം ഒഴുക്കിക്കളയുന്നു . പുച്ഛം പൊട്ടിച്ചിരികളില്‍ അലിഞ്ഞു പോയി ..

ചില സായാഹ്നങ്ങളില്‍ മധുബനിയുടെ ഇലചായങ്ങളില്‍ കൈകള്‍ മുക്കി ആകാശത്തെ തഴുകിയപ്പോള്‍ അവ പല നിറങ്ങളുള്ള മേഘങ്ങളായി. വെള്ള,മഞ്ഞ,ഓറഞ്ച്,കറുപ്പ്..

അങ്ങിനെ മദ്യം കഴിച്ചു കരള്‍ നശിച്ചു  ഇപ്പോള്‍ വേദനകളില്‍ കരഞ്ഞു, ജീവിക്കാന്‍ കൊതിക്കുന്ന അപരിചിതനും,  ജീവിച്ചു കൊതിതീരാതെ ഇപ്പോഴും സ്വപ്‌നങ്ങള്‍ മെനയുന്ന ഞാനും ആരുമറിയാതെ ഒരേ യാത്രയുടെ തുടര്‍ച്ചക്കാരായി..ഇപ്പോഴും അകലങ്ങളില്‍, അക്ഷരങ്ങളില്‍ തുടരുന്ന യാത്ര, പക്ഷെ ഭൂമിയില്‍ അപ്രത്യക്ഷരായി ആകാശങ്ങളിലിരുന്നു കഥകള്‍ പറയാന്‍ നക്ഷത്രങ്ങള്‍ വിളിക്കുന്നു...