Monday, July 29, 2013

ഹാളെം തെരുവിലെ ചിത്രകാരന്‍ ..

ബൊഹീമിയന്‍ ജീവിതവുമായി ഹാളെം തെരുവുകളില്‍ അന്തിയുറങ്ങിയ പഴയൊരു ചിത്രകാരന്‍ ..ചായങ്ങള്‍ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍, മദ്യത്തിന്‍റെയും വിയര്‍പ്പിന്‍റെയും മണം മുങ്ങി നിവരുന്ന വസ്ത്രങ്ങള്‍ ..ആദ്യ കാഴ്ചയിലെ ചിത്രം അതായിരുന്നു .. തുടരുന്ന യാത്രകളുടെ വഴിയരുകുകളില്‍ വച്ച് അയാള്‍ ഒരിക്കല്‍ കൈകള്‍ നീട്ടി ..ആ വിരല്‍തുമ്പുകളുടെ തണുപ്പില്‍ പടവുകള്‍ കയറിയും ഇറങ്ങിയും കാലം പോയതറിഞ്ഞില്ല ..

ഉച്ച മയക്കത്തിന്‍റെ ആലസ്യം വെടിഞ്ഞു, ചിത്രകാരന്‍റെ ചായങ്ങളും വിയര്‍പ്പുതുള്ളികളും ഒപ്പിയെടുക്കാന്‍ വെള്ള തൂവാലകള്‍ മെനഞ്ഞു .സുഗന്ധം പരത്താന്‍ മുറ്റത്ത്‌ കുറ്റിമുല്ലകള്‍ നട്ടു വളര്‍ത്തി , ചെമ്പക മരത്തിന്‍റെ കൊമ്പുകള്‍ ബാല്‍ക്കണിയിലേക്കു നീണ്ടു വളര്‍ന്നിട്ടും അവ വെട്ടി മാറ്റിയില്ല. രാത്രിയില്‍ വിടരുന്ന ചെമ്പക പൂക്കള്‍ക്ക് ചുറ്റും നിറയെ മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു..ചിലപ്പോഴൊക്കെ നെരുദയുടെ കവിതകളും വാന്‍ ഗോഗിന്‍റെ ചിത്രങ്ങളും ചുവരുകള്‍ക്കുള്ളില്‍ വഴക്കിട്ടു..പക്ഷെ പിന്നീട് മഞ്ഞപൂക്കള്‍ നിറഞ്ഞ താഴ്വരകളിലൂടെ അവര്‍ ഒരുമിച്ചു നടന്നു ..

ഒരേ നിറങ്ങളുടെ തുടര്‍ച്ചയിലും മഴയിലും വെയിലിലും മഞ്ഞിലും കിടന്നുറങ്ങി ക്യാന്‍വാസുകള്‍ കീറിത്തുടങ്ങി..ചുമരുകള്‍ക്കുള്ളില്‍ കാലം കഴിക്കേണ്ടി വന്നതിനാല്‍ ഹാളെം  തെരുവുകള്‍ ശൂന്യമായിരിക്കുന്നു..ഗ്രീഷ്മത്തിന്‍റെ കാഠിന്യം എല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു..

Friday, July 19, 2013

ശതാവരി പൂക്കള്‍.....


                       കര്‍ക്കിടകം പെയ്തൊഴിയുകയാണ്..അന്ന് ആദ്യമായി മുക്കുറ്റി ചാന്തു കൊണ്ട് വാഴയിലക്കീറിലൂടെ അമ്മ ഇലക്കുറി തൊടുവിച്ചു. ആവണക്കെണ്ണയില്‍ കുതിര്‍ന്ന നെയ്ത്തിരി കത്തിച്ചു കരിമഷി എഴുതിച്ചു.കാണുന്നതിനെല്ലാം സൗന്ദര്യം തോന്നുന്ന കാലത്താണ് മഴ  നനഞ്ഞ  ശതാവരി പൂക്കളെ  കാണുന്നത്. ദംഷ്ട്രകള്‍ പോലെ നീണ്ടു വളര്‍ന്ന ഇലകള്‍ , കുത്തി നോവിക്കുന്ന മുള്ളുകള്‍.. ..അവയ്ക്കിടയില്‍ നേര്‍ത്ത ഒരു ചരടില്‍ കോര്‍ത്ത വെള്ള മുത്തുകള്‍ പോലെ ..അലുക്കുകള്‍ പിടിപ്പിച്ചു തുന്നിയ പാവം പൂക്കള്‍ ..

ചെടികളില്‍ നിന്നും പൂക്കള്‍ ഇറുക്കുന്നത് സ്വാര്‍ത്ഥമായ ആസക്തിയാണ്‌... .തൊടുവാന്‍ കൈകള്‍ നീട്ടി നോക്കി ..മുള്ളുകള്‍ നോവിച്ചു, വിരല്‍ തുമ്പുകളില്‍ രക്തം കിനിഞ്ഞു ..പറന്നിറങ്ങിയ തണുത്ത കാറ്റ് ചെടികളെ പുണര്‍ന്ന് നനഞ്ഞ മണ്ണിലേക്ക് പൂക്കള്‍ കുടഞ്ഞിട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ ശ്വേത ബിംബം പോലെ പ്രണയത്തിന്‍റെ മുഖം .. .ആകാശത്തില്‍ നിന്നടര്‍ന്നു വീഴുന്ന ഓരോ മഴത്തുള്ളിക്കും ഉള്ളില്‍ നില്‍ക്കുന്ന പോലെ ഒരു തണുപ്പ്..മഴയിലലിഞ്ഞ ഇലക്കുറി പടര്‍ന്നിറങ്ങി വെള്ള നിറമുള്ള നൂലിഴകളില്‍ വീണുടഞ്ഞു .

കൈതപ്പൂ മണം തങ്ങിയ പഴയ പെട്ടിക്കുള്ളില്‍ ഇലക്കുറി ചായം പടര്‍ന്ന വസ്ത്രങ്ങള്‍ ശതാവരി പൂക്കളോടൊപ്പം ഉറങ്ങുന്നു..അകലങ്ങള്‍ പിന്നിട്ടു വരുന്ന പിന്‍ വിളികള്‍  ഇന്നും ഓര്‍മിപ്പിക്കുന്നു പ്രണയത്തിനു  അലിഞ്ഞു വീണ കര്‍ക്കിടക ഇലക്കുറി ചായത്തിന്‍റെ നിറവും  നേര്‍ത്ത മഴയില്‍ കുതിര്‍ന്ന ശതാവരി പൂക്കളുടെ ഭംഗിയും മണവുമാണെന്ന്..

Saturday, July 13, 2013

ഒരു ഓര്‍മ.....


ബാംഗ്ലൂരിലേക്കുള്ള ഒരു പഴയ  യാത്രയെ കുറിച്ച് ഇന്ന് ഞങ്ങള്‍ ഓര്‍ത്തു. NIMHANS എന്‍ട്രന്‍സ് എഴുതാന്‍ വേണ്ടി കണ്ണൂര്‍ -യശ്വന്ത്പൂര്‍  ട്രെയിനില്‍ രാത്രി  എട്ടു മണിക്ക് കോഴിക്കോട്ടു നിന്ന് ഞങ്ങള്‍  മൂന്നു പേര്‍..... ......... .. ബാംഗളൂരില്‍ സ്വന്തമായി ഒരു വീടുള്ള കരിഷ്മ എന്ന സുഹൃത്തിന്‍റെ വീട്ടില്‍ എത്തുമ്പോള്‍ രാവിലെ പത്തുമണി ആയിരുന്നു ..പിറ്റേ ദിവസമാണ് എന്‍ട്രന്‍സ്.കരിഷ്മയും അവളുടെ കസിനും ചേര്‍ന്ന് ഞങ്ങള്‍ അഞ്ചു പേര്‍  .....യാത്ര ക്ഷീണമെല്ലാം കഴിഞ്ഞു വന്നപ്പോളേക്കും രാത്രിയായി.. കണ്ണൂര്‍ക്കാരന്‍ ഒരു ഇക്കയുടെ വക അസ്സല്‍ കല്ലുമ്മക്കായ ബിരിയാണി കഴിച്ചു തീര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ഒരു ആഗ്രഹം രാത്രിയില്‍ ഒന്നിറങ്ങി നടക്കണം ..നല്ല തണുപ്പുള്ള രാത്രിയില്‍ കോറമംഗലയിലെ വഴികളിലുടെ നടന്നു..പാനി പൂരിയും ബേല്‍ പൂരിയും തെരുവോരങ്ങളില്‍ വിറ്റ്കൊണ്ടിരുന്നു ,നിറങ്ങളില്‍ മുങ്ങി ഉറങ്ങാതെ നഗരം സ്വപ്‌നങ്ങള്‍ കാണുകയായിരുന്നു.. ഞങ്ങള്‍ മൂന്ന് പേരോട് നടക്കാന്‍ പറഞ്ഞു രണ്ടു ബോയ്സും ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു..

മെട്രോ, എക്സ്പ്രസ്സ്‌ വേ  പണികള്‍ പുരോഗമിക്കുന്ന ബഹളങ്ങള്‍ ..ബംഗാളികളും തമിഴരും തെലുഗരും ചേര്‍ന്ന് രാപകലില്ലാതെ അദ്ധ്വാനിക്കുകയാണ്.. കൂനിക്കൂടി തണുപ്പില്‍ പുതച്ചുറങ്ങുന്ന വഴിയോരക്കാര്‍, ശരീരത്തിനു വില  പേശി നടക്കുന്ന തെരുവ് സ്ത്രീകള്‍ ,നാളെകള്‍ അറിയാതെ ഇന്ന് കൂടി ഇങ്ങനെ ഉറങ്ങട്ടെ എന്ന് കരുതി സ്വപ്നം കാണുന്ന ബാല്യങ്ങള്‍ ..  ഏറെ ദൂരം മുന്നോട്ടു പോയപ്പോള്‍ വളരെ പ്രായമേറി നടക്കാന്‍ പോലും വയ്യാതെ ഒരു പാവം വൃദ്ധന്‍ ഉന്തു വണ്ടിയുമായി വരുന്നു..അടുത്തെത്തിയപ്പോള്‍ അതില്‍ നിലക്കടല തോടോടു കൂടി പുഴുങ്ങി വച്ച  കടലാസ് പൊതികള്‍ ..നല്ല രുചിയാണ് അതിനെന്നു കരിഷ്മ പറഞ്ഞപ്പോള്‍ അത് വാങ്ങി കൊറിച്ചു കൊണ്ടായി പിന്നെ നടത്തം..തണുത്ത രാത്രി വഴികള്‍ , തെരുവ് വിളക്കുകളുടെ പ്രകാശം, ആകാശം നിറയെ നക്ഷത്രങ്ങള്‍ ....മനോഹരമായ ഒരു അനുഭവമായിരുന്നു.
 ...ശനിയാഴ്ച  ആയതു കൊണ്ട് കടും നിറങ്ങളുള്ള ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ച പബ്ബുകളും ഡാന്‍സ് ബാറുകളും സജീവമായിരുന്നു ..ഒരു കുല്‍ഫി  ഷോപ്പിനു മുന്നിലെത്തിയപ്പോള്‍ പാതിരക്കും അവിടെ നല്ല തിരക്ക്, അവിടത്തെ കുല്‍ഫി  നല്ല രുചിയാണെന്നു പറഞ്ഞു പിന്നെയും കരിഷ്മ കൊതിപ്പിച്ചു ...കുല്‍ഫി കഴിച്ചു കൊണ്ട് നടന്നു ഒരു വഴിയിലെത്തിയപ്പോള്‍ ആരോ കൈകളില്‍ പിടിച്ചു വലിച്ചു..ഇരുവശവും ചെമ്പന്‍ മുടി പിന്നിയിട്ടു അഴുക്കു പിടിച്ച ഉടുപ്പിട്ട് ഒരു പാവം പെണ്‍കുട്ടി, ഏറിയാല്‍ അഞ്ചു വയസ്സ് വരും..കൈകളിലുള്ള ചെറിയൊരു കുട്ടയില്‍ മുല്ലപ്പൂമാലകള്‍..... . കാണിച്ചു അവള്‍ ദയനീയമായി നോക്കി .. പിടിവിടുവിച്ചു കരിഷ്മയോടൊപ്പം ഞങ്ങള്‍ നടന്നു..പക്ഷെ അവള്‍ പിറകെ വന്നു  നിറ കണ്ണുകളോടെ, ഒടുവില്‍ പൂമാലകള്‍ വാങ്ങി ..കൈകളില്‍ കുല്‍ഫിയും പൂമാലകളുമായി വഴിയിലെ ഒരു ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു തുടങ്ങി, രാത്രി കാഴ്ചകളെ കുറിച്ച്, ഉറങ്ങാതെ ആഘോഷിക്കുന്ന ഇലക്ട്രോണിക് നഗരത്തിന്‍റെ സംസ്കാരത്തെ കുറിച്ച്..പെട്ടന്നു രണ്ടു ആളുകള്‍ ഞങ്ങളുടെ അടുത്തെത്തി നിരീക്ഷണം തുടങ്ങി ....ആദ്യം കാര്യം ഒന്നും മനസ്സിലായില്ല, പിന്നീടു  എന്താണെന്നു മനസ്സിലായതോടെ മുല്ലപ്പൂമാലയും കുല്‍ഫിയും കളഞ്ഞു ഒരു ഓട്ടമായിരുന്നു...ഓടിയോടി വീട്ടില്‍ എത്തിയപ്പോളെക്കും ചിരിച്ചു വയ്യാതായിരുന്നു...പിന്നീടു കരിഷ്മയുടെ വീട്ടില്‍ പൊകുമ്പോളെല്ലാം ഇതേ കുറിച്ച് ആലോചിക്കും, ചിരിക്കാന്‍ വക നല്‍കുന്ന നല്ല ഒരു ഓര്‍മ....

Friday, July 12, 2013

പെരിഹീലിയന്‍...............

മനനം ചെയ്യാന്‍ കഴിവുള്ളവന്‍ മനുഷ്യനാണ് എന്ന് പറയുന്നു ...ചിലപ്പോള്‍ പലതരം വികാരങ്ങളുടെ മനനം നമ്മിലൂടെ  കടന്നു  പോവുമ്പോള്‍,  അത് ഒരു തുടര്‍ച്ചയാവുമ്പോള്‍  അതിനെ ജീവിതം എന്ന് വിളിക്കാനാവുംഎന്ന് തോന്നുന്നു ..ഒറ്റയായ പല നിറങ്ങളും, അവ ചേരുമ്പോള്‍ പിറക്കുന്ന കടും നിറങ്ങളും പോലെ വിവിധ വികാരങ്ങൾ ഒരു നൂലിലൂടെ ആടിയുലഞ്ഞ് ചിലപ്പോള്‍ അതിനെല്ലാം അപ്പുറത്തേക്ക് മറന്നിട്ട  ചില വര്‍ണങ്ങള്‍, ഗന്ധങ്ങള്‍ നമ്മെ പലതും  പഠിപ്പിക്കുന്നു..സ്വഭാവത്തെ, വ്യക്തിയെ. ജീവിതത്തെ നിര്‍ണയിക്കുന്നു.
 മഴയിൽ  നിറഞ്ഞു തുളുമ്പി ഒഴുകുന്ന കുളങ്ങളും പാടത്തെ ചെളിയുടെയും  നെൽ പൂക്കളുടെയും  കൊയ്ത്തു പണിക്കാരുടെ വിയർപ്പിന്റെ  മണവുമാണ് ബാല്യത്തിലെ കാഴ്ചകളും വര്‍ണങ്ങളും .ഇന്നും, പേരറിയാത്ത ഒരു വാരസോപ്പിട്ടു അലക്കിയ മുത്തശ്ശിയുടെ മുണ്ടിന്റെ മണമാണ് സന്ധ്യകളിലെ നാമജപങ്ങള്‍ക്ക്.മണ്ണെണ്ണ വിളക്കിന്റെ പ്രകാശവും  നെല്ലുകുത്തരി കഞ്ഞിയുടെയും വെണ്ണയുടെയും  മണമുള്ള രാത്രികളും..പഴയ കഥകള്‍ കേട്ട് മുത്തശ്ശിയുടെ മടിയില്‍ കിടക്കുമ്പോള്‍ തളിര്‍ വെറ്റിലയും അടയ്ക്കയും ചേര്‍ത്തു മുറുക്കിയ ആലസ്യത്തില്‍ കണ്ണുകള്‍ താനെ അടഞ്ഞു പോവും..കൈതയോല പായയില്‍ കിടന്നു നോക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും കൈകള്‍ വീശി ഉറങ്ങാന്‍ പറഞ്ഞിരുന്നു... 
ആ ദേശത്തെ കാള വേലയ്ക്കു കെട്ടാന്‍ വേണ്ട കാളത്തലകള്‍ മുത്തശ്ശിയുടെ  വീടിന്റെ മച്ചിലായിരുന്നു..ചിലപ്പോള്‍ കഥകള്‍ കേട്ട് മുറുക്കിയതിന്റെ ആലസ്യത്തില്‍ കാളത്തലകളിലെ തിളങ്ങുന്ന കണ്ണുകളും കൊമ്പുകളും  കണ്ടു മുത്തശ്ശിയുടെ മണം കേട്ട് ഉറങ്ങിയിരുന്ന രാത്രികള്‍ ...മുത്തശ്ശി  ഒരിക്കലും  ദേഷ്യപ്പെട്ട്, ശബ്ദമുയര്‍ത്തി സംസാരിക്കുന്നതോ ആരെയും വെറുക്കുന്നതായോ കുറ്റപ്പെടുത്തുന്നതായോ കണ്ടിട്ടില്ല..എന്നും വെള്ള നിറമണിഞ്ഞു പുഞ്ചിരിക്കുന്ന ഒരു മാലാഖ...ആദ്യമായി ആ വഴികളിലൂടെയാണ്  നടന്നു തുടങ്ങിയത്..ഓര്‍മകളില്‍ ഉറച്ചു പോയ ചില പുണ്യങ്ങളെ എത്രയായാലും വഴികളില്‍ അനാഥമാക്കാന്‍ മനസ്സ് വരില്ല ...മരണശേഷം പഴയ വസ്ത്രങ്ങള്‍ പോലും എല്ലാവരും എടുത്തു കളഞ്ഞു, ഓര്‍മകളില്‍ മാത്രം നിലനിര്‍ത്താന്‍... ... വേണ്ടി ...

ആരും അറിയാതെ എടുത്തു വച്ച,  പഴയ വാരസോപ്പിന്റെ മണമുള്ള വസ്ത്രം നദികളും മലനിരകളും കടന്നു  ഇവിടെയെത്തി ഒരു നിധിയായി വഴി  കാണിക്കുന്നു..ഇപ്പോള്‍ പോലും ആ മണം ഓര്‍മകളില്‍ ചേര്‍ത്താണ് രാത്രികള്‍ വരുന്നത്... ഉറക്കത്തെ വരവേല്‍ക്കുന്നത്..

Thursday, July 4, 2013

ചില നേരങ്ങളില്‍......


ജീവനും ഒരു ചിറകുണ്ടായിരുന്നു,
മുന്‍പേ പറന്ന പക്ഷിയില്‍ നിന്നടര്‍ന്ന
തൂവലുകള്‍ ചേര്‍ത്ത് തുന്നിയ ചിറക്.
അരികുകള്‍ ചിതറിയ ,മാംസ മണമില്ലാത്ത
തലോടാന്‍ മാത്രമറിയുന്ന അപ്പൂപ്പന്‍ താടികള്‍.
ഉദരത്തിലേറി ആദ്യം നനഞ്ഞു ..പിന്നെ
കനം വച്ചപ്പോള്‍ അമ്മയതിനെ പുറംതള്ളി
സ്വയം പറന്നപ്പോള്‍ എവിടെയൊക്കെയോ
മുറിവുകള്‍ പറ്റി രക്തം കിനിഞ്ഞു.
ഇപ്പോള്‍ പിന്‍പേ പറക്കുന്ന പക്ഷിയായി
മറ്റൊരു ചിറകിനായി തൂവല്‍ പൊഴിക്കുന്നു...

Wednesday, July 3, 2013

ചിരിക്കുന്ന നക്ഷത്രം.......

                           കണ്ണടക്കുമ്പോള്‍  കിനിഞ്ഞിറങ്ങുന്ന ഓര്‍മകളില്‍ ഒരു പാട് മുഖങ്ങളുണ്ട്. എങ്കിലും വാത്സല്യത്തിന്റെ പിതൃസ്നേഹത്തിന്റെ നനവുമായി മിഴികളില്‍ എത്തുന്നത്‌ മുല്ലനേഴി മാഷാണ്. എന്റെ പേരില്‍ തുടങ്ങി സാഹിത്യ അക്കാദമിയുടെ തണല്‍ മരങ്ങളുടെ തണുപ്പില്‍ വരെ എത്തുന്നു ആ ഓര്‍മ്മകള്‍ .അച്ഛന് കോട്ടക്കല്‍ SBTയില്‍ ജോലിയായിരുന്ന സമയത്താണ് ഞാന്‍ ജനിക്കുന്നത്. AL-AMEEN QUARTERS 4- NUMBER മുറിയില്‍  സര്‍വ സ്വാതന്ത്ര്യത്തോടും കൂടി നിര്‍ഭയമായി നിഷ്കളങ്കമായി ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്നു . ബാല്യം കണ്ടു വളര്‍ന്ന 11മുറികള്‍., ആദ്യത്തെ സ്കൂള്‍ ...അവസാന മുറി ചെട്ടിയാരുടെ കടയുടെ  മുകളില്‍ ആയിരുന്നു,അവിടെ നാട്ടിലെ എല്ലാ മരങ്ങളും വെട്ടി വിറകാക്കാന്‍ വന്ന ഒരു തമിഴനായിരുന്നു.അയാളെ ഞങ്ങള്‍ അണ്ണന്‍ എന്ന് വിളിച്ചു,കുട്ടികളെ കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുമായിരുന്നു..അത് എന്തിനാണെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു..1മത്തെ റൂമില്‍ വിരാട് പുരുഷന്റെ പിന്‍ഗാമികളായിരുന്നു.എം ആര്‍ ബി ,മുല്ലനേഴി,പരമേശ്വരന്‍ നമ്പൂതിരി..അങ്ങിനെ അങ്ങിനെ .ഇവരെല്ലാം ഞങ്ങള്‍ ചേച്ചിയച്ചന്‍ എന്ന് വിളിക്കുന്ന പരമേശ്വരന്‍ നമ്പൂതിരിയുടെ സുഹൃത്തുക്കളായിരുന്നു ..കൈക്കുഞ്ഞായിരുന്നപ്പോള്‍ ചേച്ചിയമ്മയായിരുന്നു എന്റെ അമ്മ...സദസ്സിലെ ഇത്രയും വിപ്ലവകാരികളുടെ കൈകളിലൂടെ ഉറങ്ങിയും ഉണര്‍ന്നും ഞാന്‍ പോയിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഹൃദയം വല്ലാതെ മിടിച്ചു.
              ചന്ദ്രനേയും നക്ഷത്രങ്ങളെയും നിലാവിനെയും ഒരു പാട് സ്നേഹമായിരുന്നു മുല്ലനേഴി മാഷിന്.കവിതകളും, സിനിമ ഗാനങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാക്കാം .അങ്ങിനെ ഒരിക്കല്‍ മടിയിലിരുത്തിയാണ് എനിക്ക് പേരിട്ടത് ...
        വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..പി ജി ക്കു പഠിക്കുന്ന സമയത്ത് തൃശൂര്‍ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരു കഥ കവിത ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി .രണ്ടു ദിവസം അവിടെ താമസിക്കണം. വൈശാഖന്‍  മാഷ്, രാവുണ്ണി മാഷ്,നന്ദ കിഷോര്‍ ,കെ  ഗിരീഷ്കുമാര്‍ എന്നിവരുടെ കൂടെ മുല്ലനേഴി മാഷും.രണ്ടു ദിവസവും രാത്രികളില്‍ നാടകം ഉണ്ടായിരുന്നു.നിലവിളക്കിന്റെ വെട്ടത്തില്‍. തിളങ്ങുന്ന വേദി. രാത്രിയിലെ കഞ്ഞിയും ചമ്മന്തിയും അത്താഴം കഴിച്ചു, ഒരു വള്ളിക്കുടില് പോലെ സജ്ജമാക്കിയ നാടക സദസ്സില്‍  ഞങ്ങള്‍ 23 പേര്‍..... .... ..
           പലപ്പോഴും മുല്ലനേഴി മാഷെ കാണുമ്പോള്‍ എനിക്ക് പറയാന്‍ തോന്നും അങ്ങാണ്  പണ്ട് മടിയിലിരുത്തി  എനിക്ക് പേരിട്ടത് എന്ന്..പക്ഷെ പറഞ്ഞില്ല .പിന്നീടു പലപ്പോഴും സാഹിത്യ അക്കാദമിയില്‍ വച്ച് കാണും സംസാരിക്കും, എന്നിട്ടും പറയാന്‍ തോന്നിയില്ല..അവസാനമായി കാണുമ്പോള്‍ തണല്‍ മരങ്ങളുടെ നിഴലില്‍ ആകാശം നോക്കി കിടക്കുകയായിരുന്നു ..യാത്ര പറഞ്ഞു പോരുമ്പോള്‍ തലയില്‍ കൈവച്ചു തലോടി പഴയ ഒരു വാത്സല്യം പോലെ...ആകാശം നോക്കുമ്പോള്‍ ഇപ്പോള്‍ നിറയെ ചിരിക്കുന്ന നക്ഷത്രങ്ങളാണ് മാഷെപ്പോലെ... 

യാത്ര തുടരുന്നു..........

            2003 ഫെബ്രുവരി 1- കൊളംബിയയുടെ പതനവും ആകാശത്തെ പ്രണയിച്ച 7 സഞ്ചാരികളുടെ മരണവും. ഉയരങ്ങള്‍കീഴടക്കി ഭൂമിയിലെക്കെത്തുമ്പോ‌ള്‍ അവര്‍ കാലിഫോര്‍ണിയയുടെ തീരങ്ങള്‍ക്ക്  മുകളിലായിരുന്നു. നോര്‍ത്ത് കാലിഫോര്‍ണിയ‍‍യുടെ  മലനിരകളി‌‌ല്‍വിടരുന്ന കൊലിത്താസ് പൂക്കളെ കുറിച്ച് Don Henley, Glenn Frey, Don Felder  എന്നിവരെഴുതി 1977 മെയ്മാസം പുറത്തിറങ്ങിയ HOTEL CALIFORNIA  എന്ന ആല്‍ബത്തിലെ വരികള്‍പാടി അവര്‍ഭൂമിയെ തൊടാനായി കൈകള്‍നീട്ടി. മലനിരകളിലും, മരുഭൂമികളിലും വിരിയുന്ന മഞ്ഞപൂക്കള്‍ക്ക്പൈന്‍മരത്തിന്റെ, ക്രിസ്തുമസ് ട്രീയുടെ നേര്‍ത്ത മണമായിരുന്നു. ഗന്ധം കൂടുന്തോറും അതൊരു ലഹരിയായി തോന്നും. തണുപ്പുള്ള രാത്രികളില്‍ഗിറ്റാര്‍മീട്ടി അവരെഴുതിയ വരികളായിരുന്നു അവസാനം അവിടെ മുഴങ്ങിയത്. തകര്‍ന്നു വീണടിഞ്ഞ ടെക്സസിലെ പുല്‍ക്കൊടികളില്‍നിന്ന് നക്ഷത്രങ്ങളായി പിന്നെയുമൊരു മടക്കയാത്ര

             അലസമായൊരു പോക്കുവെയില്‍പരക്കുന്ന മുറിയിലിരുന്നു വായിച്ചു തീര്‍ത്ത അക്ഷരങ്ങള്‍ക്ക് ഒടുവില്‍ തോന്നി മരണം ഭയമല്ല ഒരു വരവേല്പ്പ് ആണെന്ന്. ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവുക അതിന്റെ നെറുകയില്‍നിന്ന്, ആത്മാര്‍ത്ഥമായ അര്‍പ്പണ്ണത്തിനു ശേഷം ഇനിയൊരു കളങ്കത്തിനിട നല്‍കാതെ പൂര്‍ണത നല്കുന്ന ഒരു ജീവിതം.
           
              2003ല്‍ പ്ലസ്‌ 1നു പഠിക്കയാണ്. പലപ്പോഴും ക്ലാസ്സ്മുറികളില്‍, വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. സ്വപ്നങ്ങളിലെന്നും എന്നെ തലോടാറുള്ള നീലക്കണ്ണുകളുള്ള, തൂവെള്ള ചിറകുകളുള്ള, സ്വര്‍ണ്ണമുടിയിഴകളുള്ള ഒരു മത്സ്യകന്യകയെ വാക്കുകള്‍കൊണ്ട് ഒരു ആശ്വാസത്തിനു വേണ്ടി വരച്ചിട്ടു. എപ്പോഴോ ഒരിക്കല്‍‍ രാജന്‍ സര്‍ അത് വായിച്ചെടുത്തു..Mermaid പിന്നെ വാക്കുകളെ സര്‍ പരിചയപ്പെടുത്തിയ Ozymandias, To Autumn, Ode to Nightingale എന്നിവയുമായി ചേര്ത്തുവായിക്കാന്‍തുടങ്ങി.
         
          നീണ്ട 10 വര്‍ഷങ്ങള്‍ക്കിപ്പുറം kanfed, അങ്കണം,പൂന്താനം ,മാധ്യമം ,

സിവി ശ്രീരാമന്‍അവാര്‍ഡുകള്‍ ഏറ്റുവാങ്ങി നിറകണ്ണുകളോടെ നില്ക്കുമ്പോള്‍ആദ്യമായി സൃഷ്ടിയുടെ വേദന തന്ന കൊലിത്താസ് പൂക്കളെയും mermaidനെയും , പ്രിയപ്പെട്ട രാജന്‍ സര്‍ നെയും ഓര്‍ക്കുന്നു. അതിനിടയിലുടെ കടന്നുവന്ന സൗഹൃദങ്ങള്‍‍, പുതിയ ബന്ധങ്ങള്‍‍,പ്രോത്സാഹനങ്ങള്‍‍.. 3 വര്‍ഷത്തെ ഇടവേളക്കു ശേഷം തൂലികയും അക്ഷരങ്ങളും പുതിയ ഭാവത്തില്‍തിരികെ കൊണ്ട് വരാന്‍ശ്രമിക്കയാണ്, തെല്ലൊരു ഭയത്തോടെ..പഴയ പോലെ എഴുത്ത് വഴങ്ങുമോ എന്നറിയില്ല. പുതിയ അനുഭവങ്ങളും യാത്രകളും വഴികളും മുഖങ്ങളും നല്കിയ അക്ഷരങ്ങളും ഭാവങ്ങളുമാണ് ഇനി ഭാഷയും കരുത്തും...