Tuesday, August 27, 2013

മനുഷ്യരെ തേടി നടന്നു ദൈവത്തെ കണ്ടെത്തിയ കഥ...


'ദൈവം' എന്നത് അന്ധമായ ഒരു വിശ്വാസത്തിന്‍റെയും  അകമ്പടികള്‍ ആവശ്യമില്ലാത്ത ഒരു ശക്തി മാത്രമാണ്..അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കോ, ചിന്തകള്‍ക്കോ ഇടമില്ലാത്ത ഒരിടം മനസ്സ് മാത്രമാവുമ്പോള്‍., അവിടെ വാത്സല്യവും സ്നേഹവും പുഞ്ചിരികളും മാത്രം നിറയുമ്പോള്‍ ദൈവം പിറക്കുന്നു ..ഓര്‍മകള്‍ ജന്മം കൊള്ളുന്ന നിമിഷങ്ങള്‍ , അതിന്‍റെ നിറം, മണം എല്ലാം ചേര്‍ന്ന് സമ്മാനിക്കുന്ന നിഷ്കളങ്കമായ സ്നേഹം, അതിന്‍റെ കാവലില്‍ വളരുന്ന ദൈവം മനുഷ്യനാവുന്നു..

കോട്ടക്കല്‍ പൂരത്തിന്‍റെ ഓട്ടന്‍ തുള്ളലും കഥകളിയും കൃഷ്ണനാട്ടവും മോഹിനിയാട്ടവും കാണാന്‍ വളര്‍ത്തമ്മയുടെയും , ദ്രവിച്ചു തുടങ്ങിയ ഒരു പൂണൂലിന്‍റെ ഉടമസ്ഥന്‍റെയും  കൈകളില്‍ തൂങ്ങി രാവെളിച്ചവും നിലാവും പിന്നിട്ടു പോയ വഴികള്‍ക്ക് ഒരു പുനര്‍ ജനനം ആവശ്യമെന്ന് തോന്നിയത് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ..പുളിയിലക്കരയുള്ള,  നേര്‍ത്ത ഒരു കൂത്താംപുള്ളി നേര്യതും മുണ്ടും വാങ്ങി വെയില്‍ പരന്നു  തുടങ്ങിയ നഗരങ്ങളിലൂടെ വീണ്ടും നടന്നു , ഒരു ശ്രീകൃഷ്ണ ജയന്തി അവധിയുടെ ആലസ്യത്തില്‍. .  ആദ്യമായി  തൊഴുതു നിന്ന പ്രതിഷ്ഠയും, എരിഞ്ഞമരുന്ന എള്ള് തിരിയുടെ മണവും വീണ്ടും അനുഭവിക്കാന്‍ പെട്ടന്നൊരു തോന്നല്‍ ..

കോട്ടക്കലെ പാര്‍ത്ഥസാരഥിക്കു  മുന്നിലെത്താന്‍ ഓര്‍മകള്‍ക്ക് വഴി തെറ്റില്ല എന്നൊരു വിശ്വാസത്തില്‍ നടന്നു ..പാര്‍ത്ഥസാരഥിഅമ്പലത്തിനു തൊട്ടടുത്തായിരുന്നു അവരുടെ വീട്..അടച്ചുപൂട്ടി, കരിയിലകള്‍ മാത്രം ബഹളം കൂട്ടുന്ന വീട്. അത് അങ്ങിനെയേ ആയിരുന്നില്ല..തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും ആരോ എത്തി നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു,  ' അവിടെ ആരും ഇല്ല , അവരെല്ലാം ആശുപതിയില്‍ പോയിരിക്കുന്നു..ചെറിയ നമ്പൂതിരിക്ക് നല്ല സുഖമില്ല '..

അന്വേഷിച്ചറിഞ്ഞു പിന്നെയും യാത്ര ..ആശുപത്രിയുടെ നീളന്‍ വരാന്തകളുടെ അകലങ്ങളിലേക്ക് നടന്നു നീങ്ങുമ്പോള്‍ ഇത്ര കാലം ഓര്‍ക്കാന്‍  മറന്നു പോയ നിമിഷങ്ങളുടെ  കുറ്റബോധം ഹൃദയമിടിപ്പ്  കൂട്ടി..പച്ച നിറമുള്ള കര്‍ട്ടനുകള്‍ക്ക് പിന്നില്‍ , തുരുമ്പ് പിടിച്ചു ശബ്ദം ഉണര്‍ത്തുന്ന ഇരുമ്പ് കട്ടിലില്‍ അവരെ കണ്ടെത്തുമ്പോള്‍ ജീവിതത്തിലെ കഠിനമായ ഒരു വേദന അനുഭവിച്ചു പോയി..മരുന്ന് വാങ്ങാനും ഭക്ഷണം കഴിക്കാനും പണം ഒരു വെല്ലുവിളിയാവുന്ന കാഴ്ച.. ശരീരത്തിലെ ഓരോ കണങ്ങളും  പിറന്നത്‌ ഒരിക്കല്‍  അവരൂട്ടിയതില്‍ നിന്നായിരുന്നു..കണ്ണുനീരില്‍ പങ്കു വച്ച  കഥകള്‍ക്കൊടുവില്‍, എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം അവരെ സ്വന്തമാക്കിയപ്പോള്‍ ആ സന്തോഷത്തിനു അതിരില്ലായിരുന്നു..ഇന്ന് കാണുന്ന ഒരു പാട് പുഞ്ചിരികള്‍,...... ആദ്യം കണ്ടറിഞ്ഞ, വീണ്ടും കാണാന്‍ ശ്രമിച്ച പഴയ ദൈവത്തെ ഉണര്‍ത്തിക്കൊണ്ടെയിരിക്കുന്നു..

ആരാധനകള്‍ക്കിടയില്‍ പണം കുമിഞ്ഞു കൂടി ശ്വാസം മുട്ടുന്ന പാവം ദൈവങ്ങള്‍... ....,.....

മനുഷ്യരെ തേടി നടന്നു ദൈവത്തെ കണ്ടെത്തിയ കഥ...

No comments:

Post a Comment